കാളിദാസന്‍ രണ്ട്

0
അപ്പൂപ്പാ ഒരു സംശയം. ഈസമസ്സ്യ എന്നു പറഞ്ഞാല്‍ എന്താണ്.

ങ. പറയാം. പണ്ട് വിദ്വാന്മാര്‍ നേരമ്പോക്കിനു വേണ്ടി ഉണ്ടാ‍ക്കിയ ഒരു കളിയാണ് സമസ്സ്യ. ഒരു ഉദാഹരണം കേട്ടോളൂ. സംസ്കൃതമാണ്.

“വീരമര്‍ക്കട കമ്പിതാ”

ഇത് ഒരു ശ്ലോകത്തിന്റെ ഒരു വരിയാണ്. ബാക്കിമൂന്നു വരികള്‍ ഉണ്ടാക്കി ഇതൊരു പൂര്‍ണ്ണശ്ലോകമാക്കണം. ശ്ലോകം കേട്ടോളൂ

“ കാഖേ ചരതി , കാരമ്യം;
കിം ജപ്യം കിന്തു കിന്തുഭൂഷണം;
കോവന്ദ്യ കീദൃശീ ലങ്കാ;
വീരമര്‍ക്കട കമ്പിതാ.”
ഇതാണ് ശ്ലോകം. അര്‍ഥം പറയാം. ഇതു കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ആണ്. കാഖേ ചരതി ,എന്നുവച്ചാല്‍ ആകാശത്തില്‍കൂടി എന്തു സഞ്ചരിക്കുന്നു. ഉത്തരം സമസ്സ്യയിലേ -വീ‌- എന്നുവച്ചാല്‍ പക്ഷി- കാരമ്യം-എന്താണ് മനോഹരം-രമ-കിം ജപ്യം-എന്താണ് ജപിക്കേണ്ടത്- ര്‍ക്ക്- ആദിവേദത്തിനെ ക്കുറി‍ച്ചാണ്-കിന്തുഭൂഷണം-എന്താണ് ആഭരണം-കടകം-വള-കോവന്ദ്യ- ആരാണ് വന്ദിക്കപ്പെടെണ്ടത്-പിതാ-കീദൃശീ ലങ്കാ- ലങ്ക എപ്രകാരമാണ്-വീരമര്‍ക്കട കമ്പിതാ-വീരന്മാരയ മര്‍ക്കടന്മാരാല്‍ വിറപ്പിക്കപ്പെടുന്നത്. ഇതാണ് രീതി. ഇപ്പോ സമസ്സ്യ മനസ്സിലായല്ലോ.

കാളിദാസന്‍ രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും കൂടിയായിരുന്നു. സഭയിലേ മറ്റുള്ളവര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്നു പറയേണ്ടതില്ലല്ലോ. ഓരോ നുണ പറഞ്ഞ് പല തവണ അവര്‍ രാജാവിനേക്കൊണ്ട് കാളിദാസനേ രാജ്യഭ്രഷ്ടനാക്കിയിട്ടുണ്ട്. ഒരു തവണ മനം നൊന്ത് കാളിദാസന്‍ സിലോണിലേക്ക് കടന്നുകളഞ്ഞു. കാളിദാസന്‍ പോയാല്‍ കവിസദസ്സ് ശുഷ്കമായി പോകും. റാജാവിനു വലിയ വിഷമം കാളിദാസനേ അന്വേഷിച്ച് ചാരന്മാരേ നാനാ വഴിക്കുംവിട്ടു. ഒരു സമസ്സ്യയും കൊടുത്താണ് വിട്ടത്.

“ കുസുമേ കുസുമോല്പത്തി ദൃശ്യതേ ന ച ശ്രൂയതേ” ഇതാണ് സമസ്സ്യ. പൂവിനകത്തു പൂവുണ്ടാകുന്നു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല- ഇതാണര്‍ത്ഥം.

ചാരന്മാര്‍ നാടിന്റെ നാനാഭാഗത്തും നടന്ന് നാലാളു കൂടുന്നിടത്തൊക്കെ ഈ സമസ്സ്യ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും പൂ‍രിപ്പിക്കാന്‍ അറിഞ്ഞു കൂടാ. അങ്ങിനെ ഇരിക്കെ ഒരുത്തന്‍ സിലോണില്‍ ചെന്നുപെട്ടു. ഇങ്ങനെ നടക്കുമ്പോള്‍, ഒരു ഉദ്യ്യാനത്തില്‍ ഒരാളിരിക്കുന്നു. മടിയില്‍ സുന്ദരിയായ ഒരു യുവതി-അവളേ നോക്കിക്കൊണ്ട് അയാള്‍ “

ഇയങ്കാ ,വയങ്കേ മദങ്കേ ശയാനാ;
വിശാലേ സുഫാലേ വിശേഷം വഹന്തി;
അരംഭാ സമാനാഭി രംഭാ സമാനാ;
കുരംഗീ ലവംഗീ മൃഗാംഗീ കരോതി’“. എന്ന് ലയിച്ചിരുന്ന് ചൊല്ലുകയാണ്.

കിടക്കട്ടെ ഇവിടെയും എന്നു വിചാരിച്ച് നമ്മുടെ ചാരന്‍ വിളിച്ചു പറഞ്ഞു”കുസുമേ കുസുമോല്പത്തി ദൃശ്യതേ ന ച ശ്രൂയതേ“.

അവിടിരുന്ന ആള്‍ തലപൊക്കിനോക്കി. ആരുമില്ല. പിന്നീട് അയാള്‍ ആ യുവതിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു,

ബാലേ തവ മുഖാംഭോജേ ;
നീലമിന്ദീവരദ്വയം;
കുസുമേ കുസുമോല്പത്തി ;
ദൃശ്യതേ ന ച ശ്രൂയതേ“.

അതായത് അല്ലയോ കൊച്ചു പെണ്ണേ, നിന്റെ മുഖമാകുന്ന താമരപ്പൂവില്‍, രണ്ടു കരിങ്കൂവളപ്പൂക്കള്‍ പൂവിനകത്തു പൂവുണ്ടാകുന്നു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ചാരന്റെ കണ്ണു തള്ളീപ്പോയി. ഉടന്‍ തന്നെ അയാളേ ഭോജരാജാവിന്റടുത്തെത്തിച്ചു. അത് കാളിദാസന്‍ ആയിരുന്നെന്നു പറയേണ്ടതില്ലല്ലോ. ശുഭം.

കാളിദാസന്‍

0
ചാത്തന്റെ കഥ പറഞ്ഞപ്പോള്‍ പെട്ടെന്ന് കാളിദാസന്റെ ഓര്‍മ്മ വന്നു മക്കളേ. വിക്രമാദിത്യ സദസ്സിലേ നവ രത്നങ്ങളേ ക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. ഓര്‍മ്മിച്ചു വയ്ക്കാന്‍ ഒരു ശ്ലോകമുണ്ട്.
ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു;
വേതാളഭട്ട ഘടകര്‍പര കാളിദാസ:
ഖ്യാതോ വരാഹമിഹിരോ നൃപതേ സഭായാം;
രത്നാനിവൈര്‍ വരരുചിര്‍ന്നവ വിക്രമസ്സ്യാ.

ഇതാണ് ശ്ലോകം. കാളിദാസനേക്കുറിച്ച് ഒരുപാട് കഥകളുണ്ട്. അതില്‍ ചിലതു പറയാം. നവരത്നങ്ങളുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചു.

നമ്മുടെ പാര്‍വ്വതീദേവിക്കൊരു സംശയം. കാളിദാസനാണോ വരരുചിക്കാണോ പാണ്ഡിത്യം കൂടുതല്‍. കാളിദാസനാണെന്ന് പരമശിവന്‍ പറഞ്ഞത് ദേവിക്ക് അത്രക്കങ്ങോട്ട് ബോദ്ധ്യമായില്ല. പാവം പരമശിവന്‍ .

എന്നാല്‍ വാ . നമുക്കു നോക്കാം. രണ്ടു പെരും കൂടിപഴയപോലെ കിഴവനും, കിഴവിയുമായി ഒരു കുഞ്ഞിനേയുമെടുത്തു കൊ‍ണ്ട് കവിസദസ്സുകഴിഞ്ഞ് നവരത്നങ്ങള്‍ ഇറങ്ങി വരുന്ന വഴിയില്‍ കാത്തു നിന്നു. ഇത്തവണ കുഞ്ഞ് മരിച്ചതായിരുന്നെന്നുമാ‍ത്രം. കവികള്‍ ഓരോരുത്തരായി ഇറങ്ങി വന്നു. പരമശിവന്‍ അവരേ തടഞ്ഞുനിര്‍ത്തി ഒരു സമസ്സ്യ പറഞ്ഞു. തങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നും. ഈ സമസ്സ്യ ശരിയായിട്ടു പൂരിപ്പിച്ചാല്‍ കുഞ്ഞു ജീവിക്കുമെന്ന് ഒരുസിദ്ധന്‍ പറഞ്ഞെന്നും, അതിനായിട്ടാണ് തങ്ങള്‍ ഇവിടെ വന്നതെന്നും .

ഓരോരുത്തരും സമസ്സ്യ പൂ‍രിപ്പിച്ചു. കുഞ്ഞു ജീവിക്കാഞ്ഞപ്പോള്‍ തങ്ങള്‍ക്കിത്രയേ അറിയൂ എന്നും പുറകേ ആളു വരുന്നുണ്ടെന്നും പറഞ്ഞ് സ്ഥലംവിട്ടു.

വരരുചി വന്നു. സമസ്സ്യ പൂരിപ്പിച്ചു. കുഞ്ഞു ജീവിച്ചില്ല. എനിക്കിത്രയേ അറിയൂ കാളിദാസന്‍ വരുന്നുണ്ട്. അദ്ദേഹത്തോടു പറയൂ എന്നു പറഞ്ഞ് വരരുചിയും പോയി.

അവസാനം കാളിദാസന്‍ വന്നു. സമസ്സ്യ പൂരിപ്പിച്ചു. വരരുചി പൂരിപ്പിച്ച അതേ വരികള്‍.

കുഞ്ഞു ജീവിച്ചില്ലല്ലോ. ദേവീദേവന്മാര്‍ പറഞ്ഞു.

ഈസമസ്സ്യ പൂരിപ്പിച്ചാല്‍ ഈകുഞ്ഞു ജീവിക്കത്തില്ല. ഇതിലും നന്നായി ഇതു പൂരിപ്പിക്കാന്‍ സാധിക്കില്ല . ഇത്രയും പറഞ്ഞ് കാലിദാസന്‍ നടന്നകന്നു. ശുഭം.
അപ്പൂപ്പാ സംശയം.
ഓ വയ്യാ. പറ്റിയാ പിന്നെപ്പറയാം.

വിശ്വാസം

0
അപ്പൂപ്പാ എന്താണീ അന്ധവിശ്വാസം? വിശ്വാസം രക്ഷിക്കും എന്നൊക്കെ പറയുന്നതിന്റെ അര്‍ഥം എന്താണ്?

മക്കളേ ദൈവത്തിനു കൈക്കൂലി കൊടുത്താല്‍ കാര്യം സാധിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അത് അന്ധവിശ്വാസം. എന്തു ത്യാഗം സഹിച്ചും താന്‍ ഒരു കാര്യം നടത്തുമെന്ന് തീരുമാനിക്കുന്നത് ആത്മ വിശ്വാസം. പിന്നെ ഇതു രണ്ടുമല്ലാത്ത ഒരു വിശ്വാസമുണ്ട്. അത് നിഷ്ക്കളങ്കരും, നിഷ്കപടരുമായ ആള്‍ക്കാരുടെ വിശ്വാസമാണ്.

ഒരു കഥ കേട്ടോളൂ. ഒരു പുരാതിനമായ വലിയ മന. ആയിരക്കണക്കിനു പശുക്കള്‍. അതിനേ മേയ്ക്കാന്‍ ചാത്തന്‍ . നോക്കെത്താത്ത ദൂരത്തിലുള്ള പറമ്പുകളീല്‍ പശുക്കളേ വിട്ടിരിക്കുകയാണ്. നോക്കി നോക്കി ചാത്തന്‍ മടുത്തു. ഒറ്റ എണ്ണം പറഞ്ഞാല്‍ കേള്‍ക്കത്തില്ല.ഒരു ദിവസം ഏറെ കുസൃതി കാണിച്ച ഒരു പശുവിനെ ഒറ്റ അടി വച്ചു കൊടുത്തു. അത് അവിടെ വീണ് ചത്തു. ചാത്തന് സന്തോഷമായി. അടി കൊണ്ട സ്ഥലം നോക്കി വച്ചു. പിന്നെ ഏതു പശു കന്നംതിരിവു കാണിച്ചാലും ആ സ്ഥലത്ത് ഒറ്റയടി. പശുവിന്റെ കഥ കഴിയും.

ഇങ്ങനെ അവസാനം ഒരു പശുവായി. ചാത്തനു പരമ സന്തോഷം. അപ്പോഴാണ് മനക്കലേ തിരുമേനി പശുക്കളേ അന്വേഷിക്കാന്‍ എത്തിയത്. എവിടെ ചാത്താ പശുക്കളെല്ലാം. ഓ അതുങ്ങള്‍ മഹാ തെമ്മാടികളായിരുന്നു.

എന്നിട്ടു നീ എന്തു ചെയ്തു? തിരുമേനി ചോദിച്ചു.

ഇപ്പക്കാണിച്ചു തരാം എന്നു പറഞ്ഞ് ചാത്തന്‍ അവസാനമുണ്ടായിരുന്ന ഒരു പശുവിനേ കൊണ്ടു വന്ന് ഒറ്റയടി. ദേ ഇവിടൊരെണ്ണം കൊടുത്താല്‍ മതി എന്നുമ്പറഞ്ഞ്. ആപശുവും സിദ്ധികൂടി എന്നു പറയണ്ടല്ലോ.

തിരുമേനി സ്തബ്ധനായി നിന്നുപോയി. ഇവനോടെന്തു പറയാനാ? എടാ ഈ ഗോഹത്യാ പാപമെല്ലാം നീ എവിടെ ക്കൊണ്ട് കഴുകിക്കളയും? അദ്ദേഹം ചോദിച്ചു.

ചത്തനിത് ആദ്യമായി കേള്‍ക്കുകയാണ്. അവന്‍ മിഴിച്ചു നിന്നു. തിരുമേനി പുണ്യ പാപങ്ങളേക്കുറിച്ചൊരു പ്രഭാഷണം നടത്തി. ചാത്തനൊന്നും മനസ്സിലായില്ല. അവസാനം തിരുമേനി അവനോട് കാശിയില്‍ പോയി കുളീച്ചാല്‍ എല്ലാ പാപവും തീരുമെന്ന് പറഞ്ഞു. അതിനുള്ള വഴിയും പറഞ്ഞു കൊടുത്തു.

അതുമാത്രം മനസ്സിലായ ചാത്തന്‍ കാശിക്കു പുറപ്പെട്ടു.

ഇതിനിടെ നമ്മുടെ പാര്‍വ്വതീ ദേവിക്ക് ഒരു സംശയം. ദേവി പരമേശ്വരനോട് ചോദിച്ചു. പ്രഭോ ഈ കാശിയില്‍ വന്ന് ഗംഗയില്‍ കുളിക്കുന്നവരുടെ എല്ലാം പാപം പോകുമോ?

നമുക്കു നോക്കാം. എന്നു പറഞ്ഞ് പാര്‍വ്വതീ പരമേശ്വരന്മാര്‍ കിഴവനും കിഴവിയുമായി കാശിയിലെത്തി. ഒരു കൊച്ചു കുഞ്ഞും കൈയ്യിലുണ്ട്. അവര്‍ കുളിക്കാനെന്ന ഭാവേന ഗംഗയിലിറങ്ങി കുഞ്ഞിനെ വെള്ളത്തിലിട്ടു. എന്നിട്ടു നിലവിളി തുടങ്ങി. കുളിച്ചു കൊണ്ടിരുന്നവര്‍ കുഞ്ഞിനെ എടുക്കാന്‍ ഭാവിച്ചപ്പോള്‍ അയ്യോ പാപമുള്ളവര്‍ കുഞ്ഞിനേ തൊടല്ലെ. അതുചത്തു പോകും.

എല്ലാവരും ഞെട്ടി പുറകോട്ടുമാറി. അയ്യോ ആരുമില്ലെ പാപമില്ലാത്തവര്‍ ഞങ്ങളുടെ കുഞ്ഞിനേ രക്ഷിക്കാന്‍ ‍--അവര്‍ വീണ്ടും നിലവിളീച്ചു.

കുഞ്ഞിനേതൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

അപ്പോഴാണ് ചാത്തനെത്തിയത്. വേഗം ഗംഗയില്‍ ചാടി ഒന്നു മുങ്ങിയിട്ട് അവന്‍ കുഞ്ഞിനെ എടുത്ത് ദേവീദേവന്മാരേ ഏല്‍പ്പിച്ചു.

ദേ- ഇവന്റെ പാപം മാത്രം പൂര്‍ണ്ണമായി പോയി. പരമശിവന്‍ പറഞ്ഞു.

ചാത്തന്‍ തിരിച്ചു വീട്ടിലെത്തി. അടിയന്റെ പാപമെല്ലാം പോയി -അവന്‍ തിരുമേനിയോടു പറഞ്ഞു.

പക്ഷേ തിരുമേനിക്കു വിശ്വാസമില്ല. താന്‍ തന്നെ പറഞ്ഞു വിട്ടതാണെങ്കിലും. തിരുമേനി പറഞ്ഞു. ഒരു കര്‍മ്മം കൂടിയുണ്ട്. ഓ ചാത്തന്‍ റഡി. തിരുമേനി ഒരു ഗോരൂപം ഇരുമ്പുകൊണ്ടുണ്ടാക്കി ചുട്ടു പഴുപ്പിച്ചു. ഇതു നീ നെഞ്ചോടടുക്കി പിടിക്കണം . പിന്നൊന്നും കുഴപ്പമില്ല. പാപമില്ലത്തവര്‍ക്ക് ഇതു പൊള്ളത്തില്ല. ചാത്തന്‍ യാതൊരു മടിയും കൂടാതെ ചെന്ന് അതെടുക്കാന്‍ ഭാവിച്ചപ്പോഴേക്കും തിരുമേനി ഓടിച്ചെന്ന് ചാത്തനേ കെട്ടിപ്പിടിച്ചു. എന്നിട്ട് നിറകണ്ണോടുകൂടീ പറഞ്ഞു. നീയാണ് പുണ്യവാന്‍ ‍. മഹാബ്രാഹ്മണനായ തിരുമേനി പുലയനായ ചാത്തനേ കെട്ടിപ്പിടിക്കുന്നതു കണ്ട് നാട്ടുകാര്‍ ചാത്തനേ ദിവ്യനെന്ന് ഘോഷിച്ചു. ഇതാണ് വിശ്വാസം.

മുത്തശ്ശികഥകള്‍-രണ്ട്.

0
ഒരു രാജാവിന്റെ ഉദ്യാനത്തില്‍ കുറേ അരിപ്രാവുകളുണ്ടായിരുന്നു. രാജാവിനും രാജ്ഞിക്കും, മക്കള്‍ക്കും എല്ലം അതിനേ വലിയ ഇഷ്ടമായിരുന്നു. രാജകുമാരിമാരുടെ പരിലാളനകളേറ്റ് അവര്‍ സംതൃപ്തിയോടെ കഴിയുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഒരു പ്രാവിന് ഒരു പൊന്‍പണം കിട്ടി. അന്നത് തീറ്റി ഒന്നും തിന്നാന്‍ മെനക്കെടാതെ“ എനിക്കൊരു പൊന്‍പണം കിട്ടിയേ എനിക്കൊരു പൊന്‍പണം കിട്ടിയേ എനിക്കൊരു പൊന്‍പണം കിട്ടിയേ “എന്നു വിളീച്ചുകൂവിക്കൊണ്ട് ഭയങ്കര ബഹളമുണ്ടാക്കി. മറ്റു പ്രാവുകള്‍ എത്ര വിലക്കിയിട്ടും, ബഹളം നിര്‍ത്തിയില്ല. രാജാവ് കൊട്ടാരത്തിലെ പരിചാരകന്മാരേ വിട്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.

അവസാനം സഹികെട്ടരാജാവ് അതിന്റെ കൈയില്‍ നിന്നും പൊന്‍പണമെടുത്തുമാറ്റാന്‍ കല്പ്നനകൊടുത്തു. റാജഭടന്മാര്‍ കല്പന നിറവേറ്റി.

ഉടനേ ആ പ്രാവ് എന്തുചെയ്തെന്നറിയാമോ? “തമ്പുരാട്ടിക്കൊരു താലി പണിയിക്കാന്‍ ‍, തമ്പുരാന്‍ പൊന്‍പണം തട്ടിപ്പറിച്ചേ-തമ്പുരാട്ടിക്കൊരു താലി പണിയിക്കാന്‍ , തമ്പുരാന്‍ പൊന്‍പണം തട്ടിപ്പറിച്ചേ--“ എന്നുവിളീച്ചുകൂവിക്കൊണ്ട് നടന്നു.

അവമാനിതനായ രാജാവ് “അതങ്ങു തിരിച്ചു കൊടുത്തേരെ” എന്നു പറഞ്ഞു.

അതെന്താ അപ്പൂപ്പാ ഇപ്പം രാജാവു കല്പിക്കാതെ പറഞ്ഞത്?

ഓ കല്പിച്ചു,കല്പിച്ച് ഓക്കാനം വരുന്നു. ഇതുകേള്‍ക്ക്.

പൊന്‍പണം തിരിച്ചു കിട്ടിയതും “ തമ്പുരാന്‍ പേടിച്ചു പൊന്‍പണം തന്നേ-തമ്പുരാന്‍ പേടിച്ചു പൊന്‍പണം തന്നേ-എന്നായി പ്രാവിന്റെ ബഹളം.

ചുരുക്കത്തില്‍ അതിനേപിടിച്ച് നാ‍ടുകടത്തേണ്ടി വന്നെന്നു പറഞ്ഞാല്‍ മതി. ഒരു പൊന്‍പണം വരുത്തിയ വിന!

മുത്തശ്ശി കഥകള്‍--ഒന്ന്.

0
ഇന്നു മുത്തശ്ശി കഥകള്‍ പറയാം.

കോലോത്തേ വാല്യക്കാരനാണ് ഉമ്പുക്കന്‍ ‍.

അതെന്തു പേരാ അപ്പൂപ്പാ?

കഥയില്‍ ചോദ്യമില്ല. മിണ്ടാതിരുന്നു കേട്ടോണം. ഒരു ദിവസം ഉമ്പുക്കന്‍ അതിരാവിലേ കോലോത്തേക്കു വരികയാണ്. ഒരു ചെറിയ കാടുണ്ട് വഴിയില്‍. ഉമ്പുക്കന്‍ എന്തിലോ തട്ടി. സധനം ഉരുണ്ടുരുണ്ടു പോകുന്നു. ഉമ്പുക്കന്‍ പുറകേ പോയി. ഒരു മൊന്ത. ഉമ്പുക്കന്‍ എടുത്തു തുറന്നു നോക്കി. നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍. പെട്ടെന്ന് മൊന്ത അടച്ച് ഉമ്പുക്കന്‍ അത് ഒരു കൈതക്കാട്ടില്‍ ഒളിച്ചു വച്ചു. കോലോത്തു ചെന്നപ്പോള്‍ ഉമ്പുക്കന് തലക്കൊരു കനം. കോലോത്തെ മൂപ്പീന്ന് വിളിച്ചപ്പോള്‍ നീട്ടി ഒന്നുമൂളി എന്നിട്ടു പറഞ്ഞു. ഇന്നുതൊട്ട് എന്നേ ഉമ്പുക്കസ്സ്വാമി എന്നു വിളിക്കണം.

ശരി. ഉമ്പുക്കസ്സ്വാമി ആ കക്കൂസില്‍ വെള്ളം കോരി വയ്ക്ക്.

അന്നങ്ങനെ പോയി. പിറ്റേ ദിവസം ഉമ്പുക്കന്‍ വരുമ്പോള്‍ മൊന്ത എടുത്തുനോക്കി ഒന്നു തലോടി ഒരുമ്മകൊടുത്ത് അവിടെ വച്ചു. കോലോത്ത് ചെന്നു.

അന്നു ഗൌരവം കൂടി. ഇന്നുതൊട്ടെന്നെ ഉമ്പുക്കസ്സ്വാമി അവര്‍കള്‍ എന്നു വിളിക്കണം.

ആദ്യം കോലോത്തെ മൂപ്പീന്നിന് ഇതൊരു തമാശായണ് തോന്നിയത്. പക്ഷേ ഇപ്പോള്‍ ഇതിലെന്തോ കാര്യമുണ്ടെന്നു തോന്നി. ഉമ്പുക്കന്‍ വരുന്ന വഴി ഒന്നുനടന്നു പരിശോധിച്ചു. മൊന്ത കണ്ട് അതെടുത്ത് മാറ്റി വച്ചു.

അടുത്ത ദിവസം ഉമ്പുക്കന്‍ വരുമ്പോള്‍ മൊന്ത കണ്ടില്ല. അവിടെ ഒക്കെ അന്വേഷിച്ച് താമസിച്ചാണ് കോലോത്തെത്തിയത്.

എന്താ ഉമ്പുക്കസ്സ്വാമി അവര്‍കളേ താമസിച്ചത്. മൂപ്പീന്ന് ചോദിച്ചു.

പണ്ടത്തേ ഉമ്പുക്കനുമ്പുക്കനായേ-അതിവിനയത്തോടുകൂടി ഉമ്പുക്കന്‍ പറഞ്ഞു, ശുഭം.

ത്യാഗം.

0
ങ. വന്നോ മക്കളേ. ഇരിക്ക്.

അപ്പൂപ്പാ ഇന്നു സാറൊരു പദ്യം പറഞ്ഞു. കേള്‍ക്കണോ? ഇതാ കേട്ടോളൂ.
“ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും , സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും,
ബുദ്ധന്റെ അഹിംസയും, ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാ വായ്പും
, ശ്രീഹരിശ്ചന്ദ്രന്‍ തന്റെ സത്യവും, മുഹമ്മദിന്‍ സ്ഥൈര്യവു മൊരാളില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍ അല്ലയ്കിലവിടുത്തേ ചരിത്രം വായിക്കുവിന്‍ ”. ഇതാണ്--..വള്ളത്തോള്‍‍ നാരായണ മേനോന്‍ മഹാത്മാ ഗാന്ധിയേക്കുറിച്ച് എഴുതിയതാണ്.
എന്തവാ അപ്പൂപ്പാ‍ ഈ ത്യാഗം എന്നുവച്ചാല്‍?

ങാ. പറയാം. പ്യാരേ ലാല്‍ എന്നൊരു വ്യവസായി ഉണ്ടായിരുന്നു. ഭൌതികമായ സകല സൌഭാഗ്യങ്ങളും തികഞ്ഞ ഒരാള്‍. പക്ഷേ അദ്ദേഹത്തിന് ഒരു മനസ്സമാധാനവുമില്ല. രാത്രിയില്‍ ഉറക്കമില്ല. ഇങ്ങനെ എരിപൊരിക്കൊണ്ടു നടക്കുകയാണ്..കാണുന്നവര്‍ക്കോ പ്യാരേലാല്‍ തികച്ചും സന്തുഷ്ടന്‍. ഇങ്ങനെ നീറി നീറി ഒരു ദിവസം പ്യാരേലാല്‍ ഒരു സന്ന്യാസിയേ കണ്ടു. ഗുരോ-എനിക്കു ഈഭൂമിയിലുള്ള സകല സൌഭാഗ്യങ്ങളുമുണ്ട്. പക്ഷെ എന്റെ മനസ്സ് അസ്വസ്ഥമാണ്. എനിക്കുറങ്ങാന്‍ കഴിയുന്നില്ല. എന്തൊ ഒരു ഭീതി എന്നെ പരിതപിപ്പിക്കുന്നു. അവിടുന്ന് എന്നേ രക്ഷിക്കണം. പ്യാരേലാല്‍ പറഞ്ഞു.

ഗുരുപൂര്‍ണ്ണിമയുടെ അന്ന് ഗംഗാ സ്നാനം ചെയ്താല്‍ മനസ്സിന്റെ ഈ നില മാറി ശാന്തമാകും. സന്ന്യാസി പറഞ്ഞു.

അങ്ങ് അതിനെന്നേ സഹായിക്കണം. പ്യാരേലാല്‍ അപേക്ഷിച്ചു.

ശരി നിങ്ങള്‍ വാരണസിയില്‍ ആ ദിവസം എത്തുക. ദേ ഈ മേല്‍ വിലാസത്തില്‍ അന്വേഷിച്ചാല്‍ എന്നേ കാണാം. സന്ന്യാസി പോയി.

ഗുരുപൂര്‍ണ്ണിമ ദിവസം എല്ലാ തയ്യാറെടുപ്പുകളോടും കൂടി പ്യാരേലാല്‍ വാരാണ‍സിയിലെത്തി. സന്ന്യാസിയേ കണ്ടുപിടിച്ചു.

ഗംഗാസ്നാനത്തിന് സമയമായി. സന്ന്യാസി പറഞ്ഞു. വന്നോളൂ. ഏറ്റവും പ്രിയപ്പെട്ട ഒരു സാധനമുപേക്ഷിക്കണം. പറഞ്ഞോളൂ എന്താണ് ദാനം ചെയ്യാന്‍ പോകുന്നത്?

പ്യാരേലാല്‍ ആലോചിച്ചു. എറ്റവും പ്രിയപ്പെട്ടത് ഭാര്യ. ഉപേക്ഷിക്കാന്‍ പറ്റില്ല. പിന്നെ എന്റെ ആഡംബരക്കാറുകള്‍-നോ-വ്യവസായ സ്ഥാപനങ്ങള്‍-ഒട്ടും പറ്റില്ല-കൊട്ടാരസദൃശമായ വീടുകള്‍--ങാഹ--എസ്റ്റേറ്റുകള്‍-തീരെ പറ്റില്ല.
ഹേ മോട്ടീലാല്‍-അദ്ദേഹം സെക്രട്ടറിയേ വിളിച്ചു. സന്ന്യാസിയോടു പറയൂ ഇപ്പോള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഗംഗാസ്നാനമാണ് അതുപേക്ഷിച്ചിരിക്കുന്നെന്ന്.

എന്തൊരു ത്യാഗം! അല്ലേ മക്കളേ? ത്യാ‍ഗം എന്നാല്‍ വഴീക്കെടക്കുന്ന തേങ്ങാ എടുത്തു ഗണപതിക്കടിക്കുകയല്ല. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയത് മനസ്സോടെ അത്യാവശ്യക്കാരന് കൊടുക്കുകയാണ്. പൊയ്ക്കോ. പോയിക്കളിച്ചോ.

നാലു പ്രതിമകള്‍

1
അപ്പൂപ്പോ അപ്പൂപ്പന് കൊച്ചിലേ ആരാകാനാരുന്നു ആഗ്രഹം? വിദ്യാഭ്യാസം കഴിഞ്ഞ്.


എന്താടാ ഇപ്പോള്‍ ഇങ്ങനൊരു ചോദ്യം?

അല്ല ആരാകാനാരുന്നു അതു പറ.

എനിക്കൊരാനക്കാരനാകാനാരുന്നു ആഗ്രഹം. അന്നൊക്കെ ഉത്സവത്തിന്‍ ആനേകൊണ്ടുവരുമ്പോള്‍ രാത്രിയില്‍ വീട്ടിലേ പുരയിടത്തിലായിരുന്നു കെട്ടുക. ആനേക്കാണുന്ന രസം ഓര്‍ത്ത് ഒരാനക്കാരനാകണമെന്ന് വല്ല്യച്ഛനോട് പറയുകയും വലിയ ചിരിയോടു കൂടി അതു പാസാക്കുകയും ചെയ്തു.

അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു സ്വാമി വിവേകാനന്ദന്‍ കൊച്ചിലേ ഒരു കുതിര വണ്ടിക്കാരനേകണ്ട് അതുപോലാകണമെന്നു പറയുകയും അമ്മ ഗീതോപദേശത്തിന്റെ പടം കാണിച്ച് അതിലേ കുതിരക്കാരന്റെ കൂട്ടായിക്കോളാന്‍ അനുവദിക്കുകയും ചെയ്തെന്ന്. ശരിക്ക് ആരാകുന്നതാ നല്ലത്?

മക്കളേ ഞാനൊരു കഥ പറയാം. നിങ്ങള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. പണ്ടു ഗുരുകുല വിദ്യാഭ്യാസമായിരുന്നല്ലോ. ഒരു ബാച്ചിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ഥികള്‍ ഗുരുദക്ഷിണയുമായി ഗുരുവിന്റെ അടുത്തു ചെന്നു. ഗുരു ദക്ഷിണ സ്വീകരിച്ച ശേഷം നാലു പേരേ വിളിച്ച് നാലു പ്രതിമകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഇരുമ്പിന്റേയും,സ്പോഞ്ജിന്റേയും, കളിമണ്ണിന്റേയും, പഞ്ചസാരയുടേയും. എന്നിട്ട് നാലു ഗ്ലാസ് വെള്ളവും. നാലു പ്രതിമകളും നാലു ഗ്ലാസ് വെള്ളത്തില്‍ മുക്കിച്ചു.

പിന്നീട് ഒരാളോട് ഇരുമ്പിന്റെ പ്രതിമ എടുക്കാന്‍ പറഞ്ഞു.

പ്രതിമയ്ക്ക് എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.

സ്പോഞ്ജിന്റെ എടുത്തപ്പോഴോ? പ്രതിമ വെള്ളം കുടിച്ചു വീര്‍ത്തു.

കളിമണ്ണിന്റെ എടുക്കാന്‍ ചെന്നപ്പോള്‍ പ്രതിമയില്ല. കലക്കവെള്ളം.

പഞ്ചസാരപ്രതിമയ്ക്കും അതേ ഗതി .പക്ഷേ വെള്ളത്തിന് നല്ല മധുരം.

ഗുരു ചോദിച്ചു- എന്തു മനസ്സിലായി? ശിഷ്യന്മാര്‍ കണ്ണുമിഴിച്ചു.

ഗുരു പറഞ്ഞു. നിങ്ങളാണ് പ്രതിമകള്‍-വെള്ളം സമൂഹവും. ഇരുമ്പു പ്രതിമയുടെ കൂട്ട് ഇറങ്ങിയാല്‍ നിങ്ങള്‍ക്കും സമൂഹത്തിനും ഒരു പ്രയോജനവുമില്ല. ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം. സ്പോഞ്ജാണെങ്കിലോ -സമൂഹത്തില്‍നിന്നും സകലതും അടിച്ചു മാറ്റി വീര്‍ക്കും. സ്വാര്‍ഥമതി. ഇനി കളിമണ്ണാണെങ്കില്‍-ആളിനേ കാണത്തില്ല- പക്ഷെ സമൂഹംദുഷിപ്പിക്കും. പഞ്ചസാര പ്രതിമയോ? ആളിനേ കാണത്തില്ല. പക്ഷെ അതിന്റെ പ്രഭാവം സമൂഹത്തിന് മധുരം നുകരുന്നതുപോലുള്ള അനുഭവം നല്‍കും. നിങ്ങള്‍ക്ക് ഇതില്‍ ആരാകണമെങ്കിലും ആകാം. ആരാവണമെന്ന് അവനവന് തീരുമാനിക്കുകയും ചെയ്യാം. O. K. GOOD BYE. എന്നു പറഞ്ഞെന്നാ കഥ.

പക്ഷേ അതു ശരിയായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സായിപ്പന്മാര്‍ വന്നത് അതുകഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അപ്പൂപ്പാ ഞങ്ങള്‍ക്ക് പഞ്ചസാര പ്രതിമ ആയാല്‍ മതി . കുട്ടികളുടെ കോറസ്. ശുഭം.

ലക്ഷണമൊത്ത കല്ല്

0
ഇന്നു ഞങ്ങളുടെ പരീക്ഷേടെ മാര്‍ക്ക് പറഞ്ഞു. ഇവനു കണക്കിനു മാര്‍ക്ക് വളരെ കുറവാ. ഞാന്‍ പറഞ്ഞുകൊടുക്കമെന്നു പറഞ്ഞു. പക്ഷേ അവ്നു വേണ്ടാ. ഒന്നുകില്‍ ഉറങ്ങണം, അല്ലെങ്കില്‍ കളിക്കണം. എത്ര പറഞ്ഞാലും ഒരു പ്രയോജനവുമില്ല. വെളുപ്പിനേ എഴുനേല്‍ക്കണമെന്ന് അപ്പൂപ്പന്‍ അവ്നോടൊന്നു പറയണം.

വേണ്ടാ മക്കളേ അവന്‍ അതിബുദ്ധി മാനല്ലേ. ലക്ഷണമൊത്ത കല്ലിന്റെ ഗതിയായിരിക്കും അവന് വിധിച്ചിരിക്കുന്നത്.

അതെന്താ അപ്പൂപ്പാ ആ കഥ. ങ. പറയാം . കേട്ടോളൂ.

പണ്ട്-വളരെ വളരെപ്പണ്ട്- അന്ന് കല്ലുകളൊക്കെ സംസാരിക്കും--ഒരു ശില്പി ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. കൊത്തു പണിക്കുള്ള ഉളി, ചുറ്റിക മുതലായ സാധനങ്ങള്‍ കൈയ്യിലുണ്ട്. അദ്ദേഹം ഒരുപാടു കല്ലുകള്‍ കൂടിക്കിടക്കുന്ന ഒരു സ്ഥലത്തെത്തി. അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. എത്ര കല്ലുകള്‍. അദ്ദേഹം തിരഞ്ഞ് തിരഞ്ഞ് ഏറ്റവും ലക്ഷണമൊത്ത കല്ലിന്റടുത്തെത്തി. എന്നിട്ട് പറഞ്ഞു.

ഞാന്‍ ഒരു ശില്പിയാണ്. അങ്ങാണ് ഈ കൂട്ടത്തില്‍ വച്ച്, ഏറ്റവും ശ്രേഷ്ടന്‍ . ഞാന്‍ ഒരു വിഗ്രഹം ഉണ്ടാക്കിക്കോട്ടേ? ശില്പിയുടെ കൈയ്യിലിരുന്ന ഉളിയും മറ്റായുധങ്ങളും കണ്ട് ഭയപ്പെട്ട കല്ല് ചോദിച്ചു. ഈ സധനങ്ങളൊക്കെ എന്താണ്?

ഇതുകൊണ്ടാണ് എന്റെ പണി. ശില്പി പറഞ്ഞു.

വേദനിക്കുമോ? കല്ലിനു സംശയം.

ഉപായത്തില്‍. സാരമില്ല.

എങ്കില്‍ വേണ്ടാ. എനിക്കു അല്പം പോലും വേദന സഹിക്കാന്‍ വയ്യാ.

ശില്പി വള്രെയൊക്കെ പറഞ്ഞു നോക്കിയെങ്കിലും കല്ലു സമ്മതിച്ചില്ല. അവസാനം നിരാശനായ ശില്പി, അത്ര നല്ലതല്ലാത്ത മറ്റൊരു കല്ല്ലിനേ സമീപിച്ചു. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അതു സമ്മതിച്ചു. ശില്പി അതില്‍ ഒരു അതിമനോഹരമായ ഗണപതി വിഗ്രഹം കൊത്തി. അദ്ദേഹം പുതിയ സ്ഥലങ്ങള്‍ തേടി പോകുകയും ചെയ്തു.

കാലം കടന്നു പോയി. ഒരിക്കല്‍ ഒരു വഴിപോക്കന്‍ അതുവഴി വന്നു. കല്ലുകള്‍ക്കിടയില്‍ അതാ ഒരു ഗണപതി വിഗ്രഹം!

അയാളാ നാട്ടില്‍ നടന്ന് പറഞ്ഞു. ഒരു സ്വയംഭൂവായ ഗണപതി വി്ഗ്രഹം ! നാട്ടുകാര്‍ എത്തി. കാര്യം ശരിയാണ്. സ്ത്രീകള്‍ പൂജാസാധനങ്ങളുമായി എത്തി. കാട്ടുതീ പോലെ വാര്‍ത്ത പരന്നു. ആളും അര്‍ഥവും ഒഴുകി. അചിരേണ അതൊരു ഗണപതി അമ്പലമായി പ്രസിദ്ധമായി.

ഒരുദിവസം ഒരു ഭക്തന്‍ ഗണപതിക്കടിക്കാനായി ഒരു നാളികേരം കൊണ്ടുവന്നു. അവിടെ വച്ചിട്ടുപൊയ്ക്കൊള്ളാന്‍ ഭാരവാഹികള്‍ പറഞ്ഞു. പക്ഷേ ഭക്തന് തനിക്കുതന്നെ അത് ഉടയ്ക്കണം. ഭാരവാഹികള്‍ അതിനു പറ്റിയ കല്ലന്വേഷിച്ചു.

ദാ-കിടക്കുന്നു ലക്ഷണമൊത്ത കല്ല്. എല്ലാവരുംകൂടി അതു പി്ടിച്ചെടുത്ത് അമ്പലത്തിന്റെ മുന്‍പില്‍ കൊണ്ടിട്ടു. കല്ലിന്റെ പ്രതിഷേധമൊന്നും വിലപ്പോയില്ല. അതാ തേങ്ങ ഒറ്റയടി. കല്ലു പുളഞ്ഞു. എന്തു ഫലം? ഇന്നും കിടന്നു തേങ്ങയേറ് മേടിക്കുന്നു.

മറ്റേക്കല്ലോ! പാലഭിഷേകം, കരിക്കഭിഷേകം, മോദകംവഴിപാട് എന്നുവേണ്ടാ സുഖ സമ്പൂര്‍ണ്ണം.

കാര്യമെന്താ? കുറച്ചു ബുദ്ധിമുട്ട് സഹിക്കാന്‍ തയ്യാറായി.

നീ ബുദ്ധിമുട്ട് സഹിക്കണ്ടാമോനേ. സുഖമായിട്ടുറങ്ങുകയോ, കളിക്കുകയോ എതെങ്കിലും ചെയ്തോ.

കഴുത.

0
പപ്പുവിനൊരു കഴുതയുണ്ട്. അത് അവന്റെ എല്ലാ ജോലിയും ആത്മാര്‍ഥതയോടെ ചെയ്യും.
‘എന്തവാ അപ്പൂപ്പാ ഇത്? കഴുതയ്ക്കാത്മാവുണ്ടോ? അടി കൊണ്ടോണ്ടു പണിചെയ്യുമെന്നല്ലാതെ?’
‘ശരിയാ മക്കളെ. നിങ്ങടെകൂട്ട്. വടി എ‍ടുക്കുമെന്നുറപ്പായാലല്ലാതെ നിങ്ങളെന്തെങ്കിലും ചെയ്യുമോ? നിങ്ങടെ വല്ല്യമ്മാവന്‍ പറയും-
“പറഞ്ഞാ കേള്‍ക്കുന്നവനേ കണ്ടാല്‍ കുളിക്കണമെന്ന്.” അതല്ലേ നിങ്ങള്‍!
അപ്പോ ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കണ്ടാന്നാണോ?
‘ അല്ലടാ പറഞ്ഞാലേ ഒരുകാര്യം ചെയ്യത്തൊള്ളു. രാവിലേ എഴുനേല്‍ക്കാന്‍ പറഞ്ഞാല്‍ നൂറു തടസ്സങ്ങള്‍ പറഞ്ഞ് വടി എടുക്കുമെന്നാകുമ്പോള്‍ പതുക്കെ എഴുനേല്‍ക്കും. എന്നിട്ടവിടിരിക്കും. പോയി പല്ലുതേയ്ക്കെടാ എന്നുപറഞ്ഞാല്‍ പല്ലുതേയ്ക്കും പിന്നെ.........’
‘വേണ്ടാ അപ്പൂപ്പന്‍ കഥ പറഞ്ഞാല്‍ മതി.’
‘എന്നാല്‍ കേട്ടോ, ഒരു ദിവസം കഴുതയ്ക്കൊരു സുഖക്കേട്. കിടന്നിടത്തു നിന്ന് എഴുനേല്‍ക്കത്തില്ല. മൂക്കീന്നും വായീന്നും വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നു. പപ്പുവിന് ഭയങ്കര വിഷമം. അവന്‍ കഴുതയുടെ അടുത്തിരുന്ന് അതിനോട് എന്തൊക്കെയോ പറയുന്നു.

അപ്പോള്‍ അടുത്ത വീട്ടിലേ നാണു അങ്ങോട്ട് വന്നു.

‘എന്താ പപ്പു എന്തു പറ്റി?’

ഓ എന്തുപറയാനാ എന്റിഷ്ടാ. ഈകഴുതയ്ക്കുവയ്യാ.

അങ്ങേലേ ഗോപാലന്റെ കഴുതയ്ക്കുമിതുപോലൊരസുഖമായിരുന്നു. നീ അവനോടന്നു ചോദിക്ക് എന്തവാ കൊടുത്തതെന്ന്.’ നാണു പറഞ്ഞു.

പപ്പു ഓടി ഗോപാലന്റെ അടുത്തു ചെന്നു. ‘നിന്റെ കഴുതയ്ക്ക് വയ്യാണ്ടുവന്നപ്പോള്‍ നീ എന്താ അതിനു കൊടുത്തത് ഗോപാലാ?’

‘ഞാനതിന് മണ്ണെണ്ണ കൊടുത്തു.’

കേട്ടതു പാതി കേള്‍ക്കാത്തതു പാതി പപ്പു ഓടി. വീ്ട്ടീല്‍ വന്ന് കുറേ മണ്ണെണ്ണ എടുത്ത് കഴുതയ്ക്കു കൊടുത്തു. അതുള്ളില്‍ ചെന്നപ്പോള്‍ തന്നെ കഴുത ചത്തു പോവുകയും ചെയ്തു.

‘അയ്യോ ഈ ഗോപാലന്‍ എന്ത്പണിയാ പറ്റിച്ചെ അല്ലേ അപ്പൂപ്പാ?

അതെ അതുതന്നൊന്നറിയണമെന്നു വിചാരിച്ച് പപ്പു വീണ്ടും ഗോപാലന്റെ അടുത്തുചെന്നു.
‘ഗോപാലാ മണ്ണെണ്ണ കൊടുത്തപ്പോള്‍ എന്റെ കഴുത ചത്തു പോയി.’

‘എന്റെ കഴുതയും ചത്തുപോയി!’ ഗോപാലന്‍ പറഞ്ഞു.

‘എടാമഹാപാപീ എന്നിട്ടുനീ അതെന്നോടു പറഞ്ഞില്ലല്ലൊ!’

‘അതെങ്ങനാ കേട്ടതു പാതി കേള്‍ക്കാത്തതു പാ‍തി നീ ഓടിക്കളഞ്ഞില്ലേ? ഞാനെന്തു ചെയ്യാനാ!

അപ്പോ ശരിക്കും ആരാ കഴുത, മക്കളേ?

കരിങ്കുരങ്ങു രസായനം

0
‘അപ്പൂപ്പാ, അപ്പൂപ്പോ..... എവിടാ? വന്നേ ഒരു സന്തോഷ വാര്‍ത്ത!’
‘എന്താ മക്കളെ നാളെ സമരമാണോ?അതോ വല്ല നേതാക്കളും ചത്തോ സ്കൂളിനവധി തരാന്‍ ? എന്താ ഇത്ര ആവേശം?’
‘ഓ അതൊന്നുമല്ലപ്പൂപ്പാ, അപ്പൂപ്പന് ചെറുപ്പമാകാന്‍ ഒരു മരുന്നുണ്ട്. അറിയാമോ? ച്യവനന്‍ എന്നൊരു മഹര്‍ഷി
കണ്ടു പിടിച്ചതാ. വയസ്സായിരുന്ന അദ്ദേഹം ആമരുന്നു കഴിച്ച് സുന്ദരനായി പോലും!

‘കൊള്ളാമല്ലൊ മക്കളേ, എവിടെ കിട്ടും ആ മരുന്ന്?’

‘അതോ എല്ലാ ആയുര്‍വേദ മരുന്നു കടയിലും കിട്ടും. ച്യവനപ്രാശമെന്നാ പേര്. ഒത്തിരി കമ്പനികള്‍ ഉണ്ടാക്കുന്നുണ്ട്. കാശു താ. ഇപ്പത്തന്നെ മേടിച്ചോണ്ടുവരാം.’

‘അയ്യോടാ മക്കളേ നിങ്ങള്‍കരിങ്കുരങ്ങു രസായനം എന്നു കേട്ടിട്ടുണ്ടോ?’

‘പിന്നില്ലിയോ കരിങ്കുരങ്ങിരിക്കുന്ന, കാടു ചുറ്റിയോടിവന്ന, കാറ്റു കൊണ്ട ലേഹ്യമല്ലേ? ഞങ്ങള്‍ക്കറിയാം. പിന്നേ ഈ ച്യവനപ്രാശത്തിന്റെ കാര്യം പരഞ്ഞപ്പോള്‍ എന്താ ഒരു കരിങ്കുരങ്ങു രസായനം?’

‘അതു പിന്നെ പറയാം ഈ കരിങ്കുരങ്ങു രസായനത്തിന്റെ കഥ അറിയാമോ, കേട്ടോളൂ. ദുര്‍വാസാവെന്ന ഒരു മഹര്‍ഷിയേക്കുറിച്ച് കേട്ടിട്ടില്ലേ? അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ പുള്ളിയുടെ പണി തപസ്സു ചെയ്യുകയും
ശപിക്കുകയും ആണെന്ന് തോന്നും. ഏതാണ്ട് അങ്ങനെ തന്നെയാണു താനും. ശിവന്റെ കോപം
ഉടലെടുത്ത ആളല്ലേ? തപസ്സുചെയ്തിട്ട് പോകുന്നവഴി ഇഷ്ടമില്ലാത്തത് എന്തെങ്കിലും കാണുകയും
ശപിക്കുകയും ചെയ്യും. അതോടെ തപസ്സിന്റെ ഫലവും പോകും. വീണ്ടും തപസ്സ്. ഇതാണ് പരിപാടി.

ഒരുദിവസം പതിവുപോലെ അദ്ദേഹം തപസ്സുകഴിഞ്ഞു പോകുമ്പോള്‍ കാട്ടിലേ മരത്തിന്റെ മുകളിലിരുന്ന രണ്ടു പാവം കരിങ്കുരങ്ങുകള്‍ മൂത്രമൊഴിച്ചത്, അദ്ദേഹത്തിന്റെ തലയില്‍ വീണു. പോരേ
പൂരം. മഹര്‍ഷി മുകളിലേക്കു നോക്കുന്നു-കരിങ്കുരങ്ങുകളേ കാണുന്നു-ശപിക്കുന്നു. എന്താ ശാപം?

“ മേദസ്സില്ലാത്ത മനുഷ്യര്‍ നിങ്ങളെപ്പിടിച്ച് രസായനം ഉണ്ടാക്കി കഴിക്കട്ടെ.“
വാര്‍ത്ത പരന്നു.

വൈദ്യന്മാര്‍ കരിങ്കുരങ്ങുകള്‍‍ക്കുവേണ്ടി പരക്കം പാച്ചില്‍തുടങ്ങി. കാടായ കാട്ടിലുള്ള കരിങ്കുരങ്ങു
കളേയെല്ലാം പിടിച്ചു; അതിനേകിട്ടതെ വന്നപ്പോള്‍ വെളുങ്കുരങ്ങുകളേയും ചെങ്കുരങ്ങുകളേയും പിടിച്ച്
കറുത്ത ചായം പൂശി; അതും തീര്‍ന്നപ്പോള്‍ കണ്ട ജന്തുക്കളേപ്പിടിച്ച് കരിങ്കുരങ്ങെന്നെഴുതി കൊടുത്തു
കാശുവാങ്ങിച്ചു.’
‘എന്തോന്നാ അപ്പൂപ്പാ ഈ പറയുന്നത്. ഇതു വല്ലോം നടക്കുന്ന കാര്യമാണോ?’

ഞാനും വിചാരിച്ചു ഇതൊക്കെ കള്ളക്കഥയാണെന്ന്. പക്ഷേ ഇപ്പോള്‍ എനിക്കു വിശ്വാസമായി.

അതെങ്ങനെ? പറയാം. ഇപ്പോള്‍ നിങ്ങള്‍ കുറേ പനിയേക്കുറിചു കേള്‍ക്കുന്നില്ലേ? അതു കേട്ടപ്പോഴാണ് അപ്പൂപ്പന്റെ തലയ്ക്ക് വെളിവു വീണത്. ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി ഇങ്ങനെ
പനികള്‍ക്ക് പേരിടുന്നതിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് പിടികിട്ടിയോ?

ഇല്ലേ? കഷ്ടം! എടാ മണ്ടന്മാരേ, ഈവക പുതിയ പനികള്‍ക്കൊന്നും മരുന്നില്ല. ഇല്ലാത്തസുഖക്കേടിനു വല്ലോരും മരുന്നൊണ്ടാക്കി വയ്ക്കുമോ? പുതിയ സുഖക്കേടിനുള്ള മരുന്നെന്നു പറഞ്ഞ് പേരെഴുതി എന്തു കൊടുത്താലും മതി. അതിബുദ്ധിമാന്മാരായ നമ്മുടെ നാട്ടുകാര്‍ മേടിച്ചു കഴിച്ചോളും!

ങാ അതുപോട്ടെ. അങ്ങനെ കുരങ്ങുകളുടെ വംശനാശം സംഭവിക്കാന്‍ പോകുന്നെന്നു ഭയന്ന്, ബാക്കിയുള്ളവരെല്ലാം കൂടി ഗന്ധമാദനത്തില്‍ ചെന്നു.

‘അതെന്തിനാ അപ്പൂപ്പാ?’

‘എടാ അവിടല്ലിയോ നമ്മുടെ ഹനുമാന്‍ ഇരിക്കുന്നത്! ഹനുമാനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരേയും കൂട്ടി ദുര്‍വാസാവു മഹര്‍ഷിയുടെ അടുത്തു ചെന്ന് സങ്കടം ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ശാപത്തെ ദുരുപയോഗംചെയ്ത കഥയെല്ലാമറിഞ്ഞ് അദ്ദേഹം ശാപമോക്ഷം കൊടുത്തു. “കരിങ്കുരങ്ങു രസായനം എന്തായാലും കാണും. പക്ഷേ ഇനി മുതല്‍ നിങ്ങളുടെ ശരീരം ഉപയോഗിക്കുകയില്ല. പേരുമാത്രമേ എടുക്കൂ. സമാധാനമായി പൊ
യ്ക്കോളൂ” എന്ന്. ഇതാണ് കഥ.
‘അപ്പൂപ്പന് ഇതൊക്കെ ആരു പറഞ്ഞു തന്നു?
‘അത് പരമ രഹസ്യമാണ്. പിന്നെ എന്റെ കൊച്ചുമക്കളായതു കൊണ്ട് ഒരു കാര്യം പറഞ്ഞു തരാം. പനി എന്നു പറഞ്ഞാല്‍ രക്തത്തില്‍ വിഷം -അലോപ്പതിക്കാരുടെ ഭാഷയില്‍ ടോക്സിന്‍ -കലരുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്. അതൊരു രോഗ ലക്ഷണം മാത്രമാണ്. വില്ല്വാദി ഗുളിക ജീരകവെള്ളത്തില്‍ ചാലിച്ച് ആഴചയില്‍ ഒരിക്കല്‍-- സുഖക്കേട് പടര്‍ന്നു കൊണ്ടിരിക്കുമ്പോഴാണേ,-- കഴിച്ചാല്‍ പ്രിവന്റീവായും, ദിവസവും
രണ്ടുനേരം ഒരാഴ്ച കഴിച്ചാല്‍ വന്ന രോഗവും സാധാരണ മാറാറുണ്ട്. ഇതു കേട്ടുകൊണ്ട് ആരേയും
ചികിത്സിക്കാന്‍ നടക്കണ്ടാ. സ്വന്തമായി ചെയ്താല്‍ മതി.

പിന്നെ സഞ്ജയന്റെ പാറപ്പുറത്തുനിന്നു കിട്ടിയ തോന്ന്യാസ പുരാണത്തിന്റെ പതിമൂന്നാമദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട് കലിയുടെ അവസാനത്തില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഒരു രോഗത്തിന് പല പേരിടുമെന്നും, ഒരു മരുന്ന്
പല പേരില്‍ ഈരോഗങ്ങള്‍ക്ക് മരുന്നായി കൊടുത്ത് ആള്‍ക്കാരേ പറ്റിക്കുമെന്നും. അതുകൊണ്ട്
നമ്മള്‍ അത്ഭുതപ്പെടെണ്ടാ. നമ്മള്‍ സൂക്ഷിച്ചാല്‍ മതി.’

‘ശരി അപ്പൂപ്പാ ശരി. ഇനി കാശുതാ. ച്യവനപ്രാശം വാങ്ങിക്കട്ടെ‘

‘എന്റെ പൊന്നുമക്കളേ, ഞാന്‍ വെറുതെ വായിട്ടലച്ചല്ലോ. എടാ ച്യവനപ്രാശം
ഉണ്ടാക്കാന്‍ വേണ്ട പ്രധാന സാധനം നെല്ലിക്കായാണ്. ഇന്ന് നമ്മുടെ മരുന്നു കമ്പനികള്‍ ഉണ്ടാ
ക്കുന്ന ച്യവനപ്രാശം മുഴുവന്‍ നെല്ലിക്കാ ചേര്‍ത്തുണ്ടാക്കണമെങ്കില്‍ ഈലോകത്തിലുള്ള മുഴുവന്‍
നെല്ലിക്ക കൊണ്ടും നടക്കില്ല. അപ്പോ നമ്മുടെ കരിങ്കുരങ്ങു രസായനത്തിന്റെ ഗതി ച്യവനപ്രാശ
ത്തിനും വന്നു കാണത്തില്ലേ? വെറുതേ ഓമക്കായും, കടച്ചക്കയും( പൈനാപ്പിള്‍)
മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഈ സാധനം കഴിക്കണോ? പോ ,പോയിക്കളിക്ക്.

പാക്കനാര്‍

0
‘അപ്പൂപ്പാ ഇന്നു പുതിയ ഒരാളു കൂടി ഉണ്ട്. കഥ കേള്‍ക്കാന്‍ വന്നതാ. അവന് പാക്കനാരുടെ ഒരു കഥ കേള്‍ക്കണമെന്ന്.’
‘അതു ശരി, അപ്പോ നിങ്ങള്‍ക്ക് കേള്‍ക്കണ്ടാ. അല്ലേ?
‘കൊള്ളാം പിന്നെ ഞങ്ങള്‍ക്ക് കേള്‍ക്കണ്ടായോ? അത് കൊള്ളാം.’
‘എന്നാല്‍ കേട്ടോളൂ. ആരൊക്കെയാണ് പറച്ചി പെറ്റ പന്തിരു മക്കളെന്ന് അറിയാമോ? അതോര്‍ത്തു വയ്ക്കാന്‍ ഒരു ശ്ലോകമുണ്ട്. ഇതാ
“മേളത്തോളഗ്നിഹോത്രീ റജകനുളിയന്നൂര്‍ത്തച്ചനും പിന്നെ വള്ളോന്‍ ,
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരക്കല്‍ മാതാ,
ചെമ്മേകേളുപ്പുകൂറ്റന്‍ , പെരിയ തിരുവരങ്കത്തെഴും പാണനാരും,
നേരേ നാരായണ ഭ്രാന്തനു മുടനകവൂര്‍ചാത്തനും പാക്കനാരും.” ഇതാണ് ആ ശ്ലോകം. കാണാതെ പഠിച്ചു വച്ചോണം. ശരി പാക്കനാരുടെ തൊഴിലറിയാമോ?’
കുട്ടയും മുറവും മറ്റും ഉണ്ടാക്കി വിറ്റാണ് അവര്‍ കാലക്ഷേപം കഴിക്കുന്നത്. ഒരു ദിവസം പത്തു മുറവും ഉണ്ടാക്കി ഭാര്യയുമായി പാക്കനാര്‍ ഇറങ്ങി. ഒരു വലിയ വീട്ടില്‍ ചെന്നു.
അന്നത്തെ കാലം അറിയാമല്ലോ. തീണ്ടലും തൊടീലും ഉള്ള കാലമാണ്. ഇന്നു നിങ്ങള്‍ക്കതൊന്നും പറഞ്ഞാല്‍ കൂടി മനസ്സിലാകത്തില്ല. ജോലിസംബന്ധമായി തിരിച്ചിരുന്ന ജാതി വ്യവസ്ഥയേ സ്വന്തം കാര്യ സാദ്ധ്യത്തിനായി മേലാളര്‍ കീഴാളര്‍ എന്നാക്കി വ്യാഖ്യാനിച്ച് സവര്‍ണ്ണര്‍ മേധാവിത്വം സ്ഥാപിച്ചു.ഈ കീഴാളരെന്ന സമൂഹം, അടിച്ചമര്‍ത്തലില്‍ പെട്ട് ഒരുപാടു കാലം കടന്നുപോയി. അന്നവര്‍ക്ക് സവര്‍ണ്ണരെന്നരിയപ്പെടുന്നവരുടെ വീട്ടിനടുത്തെങ്ങും ചെന്നുകൂടാ..അങ്ങു ദൂരെ നിന്നു വിളിക്കണം.

തമ്പ്രാട്ടിയേ-തമ്പ്രാട്ടിയേ- അട്യന്‍ മുറം കൊണ്ടു വന്നിട്ടുണ്ടേ. എന്ന്. ഇവിടെയും പാക്കനാര്‍ അതുപോലെ വിളിച്ചു. തമ്പ്രാട്ടി വീട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു.
അവിടെ വെച്ചേച്ച് മാറി നില്ല് നോക്കട്ടെ. പാക്കനാര്‍ മാറിനിന്നു തമ്പ്രാട്ടി വന്നപ്പോള്‍ പരഞ്ഞു. ദേ തമ്പ്രാട്ടി ഒന്‍പതു മുറമുണ്ട്.. നോക്കിയാട്ടെ. തമ്പ്രാട്ടി മുറവും എടുത്തു കൊണ്ട് പോയി.

ഈ അപ്പൂപ്പനു മഹാ മറവിയാ! മുമ്പേ പറഞ്ഞു പത്തു മുറമെന്ന്. ഇപ്പം പറെന്നു ഒന്‍പതെന്ന്. ഏതാ ശരി?

പെടെക്കാതെ മക്കളേ . കേള്‍ക്ക്. തമ്പ്രാട്ടി മുറവുമായി തിരിച്ചു വന്നു. എന്നിട്ടു പറഞ്ഞു. പാക്കനാരേ ഇപ്പം മുറമൊന്നും വേണ്ടാ. അടുത്ത മാസം കൊണ്ടുവാ. അവര്‍ മുറവും കൊണ്ട് അടുത്ത വീട്ടില്‍ പോകുമ്പോള്‍ ഭാര്യാചോദിച്ചു--നിങ്ങളെന്താ മനുഷ്യാ ഒന്‍പതു മുറമെന്നു പറഞ്ഞത്..
പാക്കനാര്‍:- “ അവര്‍ കുടം വല്ലതുംവാങ്ങിയോ‍്.”?
ഭാര്യ:- “ഇല്ല.”.
പാക്കനാര്‍:- ഇപ്പോള്‍ ഇതെത്ര മുറം ഉണ്ട്? ഒന്‍പത്. നമുക്കീ നാട്ടില്‍ എത്ര സത്യസന്ധരുണ്ടെന്ന് നോക്കാം.
അവര്‍ വേറേ എട്ടുവീട്ടില്‍ കൂടി പോയി മുറത്തിന്റെ എണ്ണമ്മുന്‍പിലത്തേപ്പോലെ ഓരോന്നു കുറച്ചു പറയുകയും, വീട്ടുകാര്‍ അവരെപ്പറ്റിച്ചെന്നു വിചാരിച്ച്‌ ഓരോമുറം അടിച്ചുമാറ്റുകയും ചെയ്തു. അവസാനത്തേ മുറമൊരു വീട്ടില്‍ കൊടുത്ത്‌ അവിടെനിന്നും കിട്ടിയ അരിയുമായി വീട്ടിലേക്കു പോകുമ്പോള്‍ വഴിയിലുള്ള ആല്‍ത്തറയില്‍ ഒരു കുടം ഇരിക്കുന്നതു കണ്ടു. പെണ്ണുങ്ങള്‍ക്ക്‌ സധാരണ ആകാംക്ഷ കൂടുതലാണല്ലോ!
പാക്കനാരുടെ ഭാര്യ ഓടിച്ചെന്ന് അത്‌ തുറന്നുനോക്കി. എന്താനെന്നാ നിങ്ങള്‍ വിചാരിക്കുന്നത്‌.
എന്തവാ അപ്പൂപ്പാ. എന്തായിരുന്നു ആ കുടത്തില്‍..
ഹാ-അതില്‍ നിറച്ച്‌--നിറച്ച്‌-----
ഓ ഒന്നെളൂപ്പം പറയപ്പൂപ്പാ.
നിറച്ച്‌ സ്വര്‍ണ്ണനാണ്യം. പാക്കനാരുടെ ഭാര്യയുടെ കണ്ണു തള്ളിപ്പോയി! ദേ ഇതുനറച്ചു സ്വര്‍ണ്ണം! നമ്മളേ തമ്പ്രാക്കന്മാരു പറ്റിച്ചതിന് ദൈവം കാട്ടിതന്നതാ.
അയ്യോ! ഓടിക്കോ. ആളേക്കൊല്ലിയാണതില്‍! ഓടിക്കോ എന്നും പറഞ്ഞ്‌ പാക്കനാര്‍ ഓടിത്തുടങ്ങി. ഒന്നും മനസ്സിലാകാതെ ഭാര്യ പുറകേ.
എന്താ അപ്പൂപ്പാ എന്താ സംഭവിച്ചത്‌?
പറയാം മക്കളേ പറയാം.
അവരോടിച്ചെന്ന് ഒരു കുറ്റിക്കാട്ടിനടുത്തെത്തി. പാക്കനാര്‍ പറഞ്ഞു. ഇവിടിരി. ദാ രണ്ടുപേരു വരുന്നു. നമുക്കുനോക്കാം.
രണ്ടുപേരുവന്ന് ആ ആല്‍ത്തറയില്‍ ഇരുന്നു.
ഒരാള്‍;- എന്തവാടോ ഈ കുടത്തില്‍. ആരുടെയാണിത്‌.
മറ്റേയള്‍;- ആ. ആര്‍ക്കറിയാം.
അദ്യത്തേയള്‍;- നമുക്കു നോക്കാം. ഇവിടിരിക്ക്‌
കുറച്ചു നേരം അവര്‍ അവിടെ ഇരുന്നു. ആരും വന്നില്ലെങ്കില്‍ കുടം അടിച്ചു മാറ്റാമെന്ന് രണ്ടു പേരും കൂടി തീരുമാനിച്ചു
സാവധാനത്തില്‍ ഒരാള്‍ കുടം തുറന്നു. മറ്റേയാള്‍ ചുറ്റും നോക്കി നില്‍ക്കുകയാണ്- ആരെങ്കിലും വരുന്നോന്നുനോക്കി.
അവരു പാക്കനാരേക്കണ്ടില്ലേ അപ്പൂപ്പാ?
ഇല്ലമക്കളേ അവര്‍ കുറ്റിക്കാട്ടിന്റെ മറവിലല്ലേ? കുടം തുറന്നവന്‍ ഒന്നുഞ്ഞെട്ടിപുറകോട്ടുമാറി.
‘എന്താ?’ മറ്റവന്‍ ചോദിച്ചു. ‘ദേ നോക്കിയേ മുഴുവന്‍ സ്വര്‍ണ്ണം!’
നമുക്കു ജീവിതകാലത്തേക്ക്‌ ഇനി കക്കാനും പിടിച്ചു പറിക്കാനും പോകണ്ടാ.
കുറേ നേരം കൂടെ അവര്‍ അവിടെ ഇരുന്നു. കുടത്തിന്റെ ഉടമസ്ഥന്‍ വരുന്നോന്ന് അറിയണമല്ലോ. അപ്പോള്‍ ഒരുത്തന്‍പറഞ്ഞു.വല്ലാത്തദാഹം.ഇവിടെങ്ങാനുംകുറച്ചുവേള്ളംകിട്ടാന്‍വഴിയുണ്ടോ? ഇവിടടുത്തൊരരുവിയുണ്ട്. മറ്റേയാള്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ പോയി വെള്ളവും കുടിച്ച് നിനക്കു വേണ്ടതും കൊണ്ടുവരാം.
നീ ഇതു നോക്കിക്കോണേ എന്നു പറഞ്ഞ് അവന്‍ വെള്ളമെടുക്കാന്‍ പോയി. അപ്പോള്‍ മറ്റവന്‍ വിചാരിച്ചു. ഇവനേ അങ്ങു തട്ടിയാല്‍ ഈകുടം എന്റെ സ്വന്തം. വെറുതേ എന്തിനാ ഇതു വീതം വയ്ക്കുന്നത്. ഇതും വിചാരിച്ച് അവന്‍ ഒരു വലിയ വടി കണ്ടു പിടിച്ച് കുടം കാണാവുന്ന ഒരു സ്ഥലത്ത് ഒളിച്ചിരുന്നു.

മറ്റവനോ? ഈവെള്ളത്തില്‍ കുറച്ചു വിഷം കലക്കിയാല്‍ അതു കുടിച്ച് അവന്‍ സിദ്ധി കൂടും. പിന്നെ കുടം എനിക്കുമാത്രം, എന്നു വിചാരിച്ച് അവന്‍ ഏതോ വിഷക്കായ പറിച്ച് വെള്ളത്തില്‍ അരച്ചു ചേര്‍ത്തു. വെള്ളവുമായി വന്നപ്പോള്‍ കൂട്ടുകാരനേ കാണാനില്ല. അവന്‍ വല്ല മൂത്രമൊഴിക്കാനോ മറ്റോ പോയിരിക്കാമെന്നു കരുതി അവന്‍ ആ ആല്‍ത്തറയില്‍ ഇരുന്ന്, താന്‍ ആ സ്വര്‍ണ്ണം കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മറ്റവന്‍ പതുങ്ങി പുറകില്‍ കൂടി വന്നതറിഞ്ഞില്ല. അവന്‍ പിന്നിലൂടെ വരുകയും ഉച്ചി നോക്കി വടികൊണ്ട് ഒന്നു കൊടുക്കുകയും ചെയ്തു. തലപൊട്ടി അവന്‍ അപ്പഴേ ചത്തു. മറ്റവന്‍ മൊത്തം സ്വര്‍ണ്ണം കിട്ടിയ സന്തോഷത്തോടെ സ്വസ്ഥമായിരുന്ന്-ഹൊ . ഇനി ഇച്ചിര വെള്ളം കുടിക്കാം, എന്നുവിചാരിച്ച് കൊണ്ടുവച്ച വെള്ളം മൊത്തം കുടിച്ചു. അല്പം ദുസ്വാദു തോന്നിയത് അരുവിയിലേ വെള്ളത്തിന്റെ യാണെന്ന് വിചാരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ഒരുമയക്കം.അതുകൂട്ക്കൂടിവരുന്നു. അവന്‍ പറ്റിച്ചല്ലോ എന്നു വിചാരിച്ചപ്പോഴേക്കും ആള്‍ പരലോകത്തെത്തി.
പാക്കനാരും ഭാര്യയും പതുക്കെ വെളിയില്‍ വന്നു. പാക്കനാര്‍ ഭാര്യയോട് പറഞ്ഞു. പാവങ്ങള്‍. ഈ ആളേക്കൊല്ലിയുടെ കൈയില്‍ പെട്ടു പോയി.
‘കഷ്ടം!’
‘എന്നാല്‍ ചെല്ലു മക്കളെ.’













.

നാളത്തേ കാര്യം

0
'അപ്പൂപ്പോ! എവിടാ?'
' ഇവിടൊണ്ടെടാ പിള്ളാരേ. ഇന്നെന്താനേരത്തേ? പള്ളിക്കൂടം ഇല്ലിയോ?’
‘ഇല്ലപ്പൂപ്പാ. എന്തവാ ഈ കരിദിനമെന്നു വെച്ചാല്‍?’
‘പറയാം. നിങ്ങള്‍ ഉറുമ്പു പൊടി എന്നു കേട്ടിട്ടുണ്ടോ?’
‘ഉണ്ടല്ലോ, ഒരു കൂടിനകത്ത് അരിപ്പൊടി പോലൊരു സാധനം.’
‘അതേ, ആ കൂടിന്റെ പുറത്തെഴുതിയിരിക്കുന്നതെന്താ?’
‘ബി. എച്ച്.. സി, അതേ ഈ കരിദിനം എന്താണെന്നു ചോദിച്ചാലുടനേ ഉറുമ്പു പൊടി, എന്തവാ അപ്പൂപ്പാ തമാശയാണോ?’
‘പെടെയ്ക്കാതെ പിള്ളാരേ. അതാ പറഞ്ഞുവരുന്നത്. ഡി. ഡി. റ്റി. എന്നൊരു വിഷം വേഷം മാറി വന്നതാ ഈ ബി. എച്ച്.. സി. അറിയാമോ? അതു പോലെ ബന്ത് എന്നൊരു സാധനം പൂതന ലളിത ആയതുപോലെ വേഷം മാറി വന്നതാ നമ്മടെ ഹര്‍ത്താല്‍ . ഈ ഹര്‍ത്താല്‍ വീണ്ടും വേഷം മാറിയതാ ഈ കരിദിനം. ഇപ്പം തിരിഞ്ഞോ?’
‘ങാ. മനസ്സിലായി. അതു പോട്ടെ . ഇപ്പം ഞങ്ങള്‍ വന്നത് ഇന്നലെ പറയാമെന്നു പറഞ്ഞ ആ കാര്യം കേള്‍ക്കാനാ.’

‘ശരി ശരി.കേട്ടോളൂ. മഹാഭാരത യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായ പാണ്ഡവന്മാര്‍ ഒരു യാഗം കഴിച്ചു. യാഗാവസാനത്തില്‍, ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുത്ത് ക്ഷീണിതനായ യുധിഷ്ടിരന്‍ ഒന്നു വിശ്രമിക്കാമെന്നു കരുതി അകത്തേക്കു പോയി. അപ്പോഴതാ ഒരാള്‍ ഓടിക്കിതച്ച് വരുന്നു. ഭീമസേനന്‍ ചെന്നു വിവരമറിയിച്ചു.
‘നാളെ വരാന്‍ പറയൂ.’ യുധിഷ്ഠിരന്‍ പറഞ്ഞു.
ഭീമസേനന്‍ പോയി. ഏതാണ്ട് രണ്ടു മണിക്കൂറ് കഴിഞ്ഞു കാണും, അതാ ഒരുവലിയ ആരവം!! അര്‍ജ്ജുനന്‍ ചെന്നന്വേഷിച്ചു. ഒരു വലിയ ജാഥ! ഭീമസേനന്റെ നേതൃത്വത്തില്‍ വലിയ ഘോഷ യാത്ര!
അര്‍ജ്ജുനന്‍ കാര്യമന്വേഷിച്ചു.
ഭീമന്‍ ‍:- അറിഞ്ഞില്ലേ അനിയാ. നമ്മുടെ ജ്യേഷ്ടന്‍ നാളെ വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പായി.
അര്‍ജ്ജുനന്‍ :- എന്താ ചേട്ടാ ഈ പറയുന്നത്? വിധിയുടെ കാര്യം ആര്‍ക്ക് തീരുമാനിക്കാന്‍ കഴിയും!
ഭീമന്‍ :- അനിയാ. നമ്മുടെ ചേട്ടന്‍ കള്ളം പറയത്തില്ലല്ലൊ. അദ്ദേഹം പറഞ്ഞു നാളെ ഒരാള്‍ക്ക് ദാനം കൊടുക്കാമെന്ന്. അപ്പോള്‍ കാര്യം ഉറപ്പായില്ലേ? അതു നമുക്കാഘോഷിക്കണ്ടേ ? നമ്മുടെ ചേട്ടന്‍ ഇന്നു മരിക്കത്തില്ല. ബഹളം കേട്ട് വെളിയില്‍ വന്ന യുധിഷ്ഠിരന്‍ ഇതു കേട്ട് ലജ്ജിതനായി പറഞ്ഞയച്ച ആളേ തിരികെ വിളിപ്പിച്ച് ദാനം കൊടുത്തു.’
‘ഓ മനസ്സിലായി, അപ്പൂപ്പന്‍ കഥ നാളെപ്പറയാമെന്നു പറഞ്ഞത് ഇന്നുതന്നെ പറഞ്ഞ കാര്യം.’
‘എന്നാല്‍ മക്കളു ചെല്ല്. വല്ലോം കഴിച്ചേച്ച് ചാടണ്ടേ!!’

അലക്സാണ്ടര്‍

0
‘അപ്പൂപ്പാ ഇന്നു ഗ്രീസിലേ ഒരു കഥ പറയണം.’
‘മാസിഡോണിയ എന്നൊരു രാജ്യത്ത് അലക്സാണ്ടര്‍ എന്നൊരു രാജാവുണ്ടായിരുന്നെന്നും അദ്ദേഹം ലോകം മുഴുവന്‍ കീഴടക്കാന്‍ ശ്രമിച്ചെന്നും ഞങ്ങളുടെ സാറു പറഞ്ഞു.’
‘ഓഹോ, അതു കൊള്ളാമല്ലോ. ഞാനിന്ന് അദ്ദേഹം ഭാരതത്തില്‍ വന്നപ്പോഴുണ്ടായ ഒരു കഥ പറയാം.’
‘മതി അപ്പൂപ്പാ മതി.’
‘ശരി. കേട്ടോളൂ. അലക്സാണ്ടര്‍ രാജ്യങ്ങള്‍ കീഴടക്കി, ഭാരതത്തിന്റെ വടക്കു ഭാഗത്ത് എത്തി.അങ്ങനെ ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരുദിവസം ഒരു പരാതിയുമായി രണ്ട് ഗ്രാമീണര്‍ വന്നു. ഒരാളുടെ കൈയ്യില്‍ ഒരു വലിയ കുടം. അവര്‍ ആ കുടം രാജസമക്ഷത്ത് വച്ചു. എന്നിട്ടു പറഞ്ഞു.
‘പ്രഭോ ഇത് ഈയാളുടേതാണ്. ഈയാള്‍ പറയുന്നു എന്റെയാണെന്ന്.. ദയവായി ഇത് ഈയാളോടു കൊണ്ടു പോകാന്‍ പറയണം.’
മറ്റേയാള്‍:- തിരുമനസ്സേ ഇത് എന്റെ അല്ല. ;- അയാളുടേതാണ്.
അലക്സാണ്ടര്‍:- എന്താണിതില്‍?
ഒന്നാമന്‍:- നിറയെ സ്വര്‍ണ്ണ നാണയങ്ങളാണ്. ഞാന്‍ ഇന്നലെ ഇയാളുടെ നിലം വിലയ്ക്കുവാങ്ങിച്ചു. ഇന്നു രാവിലേ അത് ഉഴുതപ്പോള്‍ കിട്ടിയതാണ് ഈ കുടം. ഇതിന്റെ അവകാശി ഇയാളാണ്. ഈയാളോട് ഇതു കൊണ്ടു പോകാന്‍ കല്‍പ്പിക്കണം.’
രണ്ടാമന്‍ ‍”- അയാള്‍ വാങ്ങിയ ശേഷമ്മാണ് അതു കിട്ടിയത്. അതുകൊണ്ട് അതിന്റെ അവകാശി അയാള്‍ തന്നെയാണ്.
‘ഇവന്മാര്‍ക്കു വട്ടാണോ അപ്പൂപ്പാ? ആരുമറിയാതെ അത് അടിച്ചു മാറ്റാനുള്ളതിനു പകരം!’
‘അതേമക്കളേ കണ്ണും തള്ളിയിരിക്കുന്ന അലക്സാണ്ടര്‍ക്കും ഇതു തന്നെയായിരുന്നു സംശയം.
അദ്ദേഹം പറഞ്ഞു.
‘ഇങ്ങനൊരു കേസ് ഞാനിതുവരെ കേട്ടിട്ടില്ല. ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ രണ്ടിലൊരാള്‍ ഇതിനകം കുത്തേറ്റ് മരിക്കുകയും, കുടത്തിന്റെ അവകാശിയാണെന്നു പറഞ്ഞ് സര്‍ക്കാര്‍ അത് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു.’
‘ഇപ്പോള്‍ കണ്ണുതള്ളിയത് ആ ഗ്രാമീണര്‍ക്കാണ്. അവര്‍ രണ്ടുപേരുംകൂടി ഏക സ്വരത്തില്‍ ചോദിച്ചു.
‘നിങ്ങടെ രാജ്യത്ത് മഴ പെയ്യുമോ?
അലക്സാണ്ടര്‍ :- ഉവ്വ്.
ഗ്രാമീണര്‍ :- അവിടെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും ഉണ്ടായിരിക്കും. ഏതായാലും ഈമാതിരി മനുഷ്യര്‍ക്കു വേണ്ടി ആയിരിക്കില്ല.’
‘അതെന്താ അപ്പൂപ്പാ അങ്ങനെ?’
‘പറയാം മക്കളേ. ഈ ലോകത്തിന് ഒരു ധര്‍മ്മമുണ്ട്. തന്റേതല്ലാത്ത മുതലില്‍ ആഗ്രഹം ഉണ്ടാകുന്നതും അതുനേടാന്‍ എന്തു കുത്സിത മാര്‍ഗം ആവലംബിക്കുന്നതും ധര്‍മ്മവിരുദ്ധമാണ്.’
‘അതൊക്കെപ്പിന്നെപ്പറയം അപ്പൂപ്പാ. എന്നിട്ട് കേസ് എന്തായി?’
‘അതോ. അലക്സാണ്ടര്‍ തന്റെ സചിവന്മാരെയും ഉപദേശികളേയും വിളിച്ചുകൂട്ടി ആലോചിച്ചു. ആര്‍ക്കും ഒരുത്തരവുംകിട്ടിയില്ല. അവസാനം അവര്‍ ഗ്രാമമൂപ്പന്റെ സഹായം തേടി ഗ്രാമമൂപ്പന്‍ വന്നു. അദ്ദേഹത്തിന്റെ മുന്‍പില്‍ പ്രശ്നം അവതരിപ്പിച്ചു.
ഗ്രാമമൂപ്പന്‍ :- ഒന്നാമനോട്-നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെടോ?
ഒന്നാമന്‍:- രണ്ടാണും മൂന്നു പെണ്ണും.
ഗ്രാമമൂപ്പന്‍ :- രണ്ടാമനോട്-നിങ്ങള്‍ക്കോ?
രണ്ടാമന്‍ :-എനിക്ക് മൂന്നാണും ഒരു പെണ്ണുമുണ്ട്.
ഗ്രാമമൂപ്പന്‍ :- കല്യാണപ്രായമായതാണല്ലോ?
രണ്ടുപേരും :- അതെ..
ഗ്രാമമൂപ്പന്‍ :- ശരി. അവരെത്തമ്മില്‍ കല്യാണം കഴിപ്പിച്ചോളൂ. നിങ്ങള്‍ക്കുപോകാം. കുടവുമെടുത്തോളു.
അങ്ങിനെ ആ പ്രശ്നം അവസാനിച്ചു.
‘എന്റപ്പൂപ്പാ .ഇങ്ങനാരുന്നു നമ്മുടെ പുര്‍വീകര്‍. ഇപ്പഴെന്താ നമ്മടാള്‍ക്കാര്‍ ഈയാതൊരു ഗുണവും കാണിക്കാത്തത്?’
‘അതോ മക്കളെ സ്വന്തം കാര്യം സിന്ദാബാദ് ആണ് വീട്ടില്‍ മുതല്‍ പഠിപ്പിക്കുന്നത്. നീ നിന്റെ കാര്യം നോക്കി നടന്നാമതി. വേറേ ആരുടേയും കാര്യത്തില്‍ ഇടപെടരുതെന്ന് ദിവസവും പറഞ്ഞു കൊടുക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍. നിങ്ങള്‍ തന്നെ എന്താ ചൊദിച്ചത്, അവര്‍ക്കു വട്ടാണോന്നല്ലേ? പോയി പുസ്തകം
വായിക്ക്. പോ.’

ശക്തന്‍ തമ്പുരാന്‍

1
'മക്കള്‍വാ. ആ ശക്തന്‍ തമ്പുരാന്റെ കഥ ഇന്നുതന്നെ പറഞ്ഞേക്കാം.’
‘അതെന്താ അപ്പൂപ്പാ നാളെപ്പറയാമെന്നു പറഞ്ഞിട്ട് ഇന്ന്?’
‘അതിന്റെ കാരണം പറ്റിയാല്‍ നാളെപ്പറയാം. ഇതു കേട്ടോളൂ. കൊച്ചി രാജ്യത്ത് ശക്തന്‍ തമ്പുരാന്‍ എന്നൊരു രാജാവുണ്ടായിരുന്നു. കൊച്ചി രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈയൊരു രാജവിന്റെ കാലം മാത്രമേ ശരിക്കു കാണാന്‍ സാധിക്കുകയുള്ളു. ചരിത്രത്തില്‍ കൊച്ചിക്ക് സ്ഥാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണം മൂലമാണെന്ന് വേണമെങ്കില്‍ പറയാം. ഒരു പഞ്ചാംഗം മാത്രം മതിയെന്നു പറഞ്ഞ പരീക്ഷിത്തുതമ്പുരാനേ മറന്നുകൊണ്ടല്ല ഈ പറയുന്നത്.'
'എന്തവാ ഈ അപ്പൂപ്പന്‍ പറയുന്നത്, പഞ്ചാംഗമോ?'

'അതേ മോനേ. നമുക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ്, നാട്ടുരാജ്യങ്ങളേ ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ വി. പി. നായര്‍ എന്നൊരാളെ സര്‍ക്കാര്‍ നിയമിച്ചു. നാട്ടു രാജ്യങ്ങളില്‍ ചെന്നു, രാജാക്കന്മാര്‍ക്ക് രാജ്യം യൂണിയനില്‍ ചേര്‍ക്കുന്നതിനുള്ള നഷ്ട പരിഹാരത്തുക നിശ്ചയിക്കുന്നതിനും, യൂണിയനില്‍ ചേരാന്‍ അവരേ നിര്‍ബ്ബന്ധിക്കുന്നതിനും വേണ്ടിയുള്ള യാത്രക്കിടയില്‍ അദ്ദേഹം കൊച്ചിയിലെത്തി. ഏതാണ്ട് അറുനൂറ് നാട്ടുരാജ്യങ്ങളേച്ചേര്‍ത്തു. ഓരോരുത്തരും കോടികളുടെ കണക്കു പറഞ്ഞപ്പോള്‍ പരീക്ഷിത്തുതമ്പുരാന്‍ പറഞ്ഞു- എനിക്ക് ഈകൊല്ലത്തേ ഒരു പഞ്ചാംഗംതന്നാല്‍ മതി. ഈ രാജ്യം ജനങ്ങളുടെയാണ് ,അതിനെനിക്കെന്തു നഷ്ട പരിഹാരത്തുക !
'എന്റെ ദൈവമേ ഇങ്ങനത്താള്‍ക്കാരും ഉണ്ട്,അല്ലേ അപ്പൂപ്പാ?'
'അതേ മക്കളേ നൂറിലൊന്നോ രണ്ടോ കാണും. ങാ. ശക്തന്‍ തമ്പുരാന്റെ കഥയാണല്ലോ നമ്മള്‍ പറഞ്ഞത്. പരാക്രമവും വിട്ടുവീഴ്ചയില്ലാത്ത ആജ്ഞാശക്തിയും കൊണ്ട് തന്റെ പേര് അന്വര്‍ഥമാക്കിയ ആളാണദ്ദേഹം. രാജ്യത്ത്‌ അച്ചടക്കവും നിയമ വ്യവസ്ഥയും നടപ്പാക്കി, അരാജകത്വം ഇല്ലാതാക്കി.
പക്ഷേ അവസാന കാലമായപ്പോള്‍ അദ്ദേഹത്തിന്‍ തന്റെ പിന്‍ഗാമികളേക്കുറിച്ച് സംശയം. ഭരിക്കാനുള്ള കഴിവുണ്ടോ? രാജ്യം വല്ലവരും കൊണ്ടു പോകുമോ ? ഏതായാലും ഒന്നു പരീക്ഷിച്ചു കളയാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ പിന്‍ ഗാമിയായ യുവ രാജാവിനേ വിളിപ്പിച്ചു.
“കുട്ടാ-എനിക്കൊരാഗ്രഹം. ഒരു പഴുത്ത ചക്ക തിന്നാന്‍ . ഒരെണ്ണം കൊണ്ടുവരൂ.’
കുട്ടന്‍ ചക്ക അന്വേഷിച്ച് നടന്നു. അപ്പോള്‍ ചക്കയുടെ കാലമല്ല. ഇപ്പഴാണോ ചക്ക! ആള്‍ക്കാര്‍ കുട്ടനേ കളിയാക്കി.വൈകുന്നേരംവരെ അന്വേഷിച്ച് വശം കെട്ട് കുട്ടന്‍ തിരിച്ചുവന്ന് അമ്മാവനോടു പറഞ്ഞു. ‘ചക്ക ഈ നാട്ടിലെങ്ങും കിട്ടാനില്ല, ഇപ്പോള്‍ ചക്കയുടെ കാലമല്ല.’
‘ശരി പൊയ്ക്കോ അമ്മാവന്‍ കല്പിച്ചു.’
പിന്നീടദ്ദേഹം തന്റെ വിശ്വസ്തസചിവനായ പണിക്കരു കപ്പിത്താനേ വിളിച്ചു. “ നാളെ ഇവിടൊരു സദ്യയുണ്ട്. നൂറാളുകള്‍ക്ക്. ചോറൊഴിച്ച് മറ്റെല്ലാം ചക്കയാണ് വിഭവം.”
പണിക്കരു കപ്പിത്താന്‍ പോയി. പിറ്റേദിവസം വെളുപ്പാങ്കാലമായപ്പോഴേക്കും കൊച്ചി കായലില്‍ വള്ളത്തേല്‍ ചക്കയുടെ പ്രളയം. ചക്ക സദ്യ ഗംഭീരമായിനടന്നു.. തമ്പുരാന്‍ കപ്പിത്താനേവിളിച്ചു പറഞ്ഞു.എന്റെകാലം കഴിഞ്ഞാല്‍ പിള്ളാരേ നോക്കിക്കൊള്ളണം.
‘ഇതാണു കഥ. ശരി മക്കളേ പോയി കളിച്ചോ.’